22/07/2025
ഈ വർഷത്തെ കർക്കടക വാവ് 2025 ജൂലൈ 24, 1200 കർക്കടകം 8 വ്യാഴാഴ്ചയാണ്... തലേന്നായ നാളെ ബുധനാഴ്ച വാവൊരിക്കലെടുത്ത്, വ്യാഴാഴ്ച സൂര്യോദയത്തിന് ശേഷം, സൂര്യനെ സാക്ഷിയാക്കി ബലി സമർപ്പണം തർപ്പണം നടത്താം. ബലിക്ക് ശേഷം രാത്രി അകത്ത് വെക്കൽ അഥവാ അകത്തൂട്ട് നടത്തി ശീലമുള്ളവർക്ക് വ്യാഴാഴ്ച രാത്രി അങ്ങനെയും തുടരാം...
വാവുബലി സമയത്ത് നടത്തുന്ന വിശേഷ പ്രാർത്ഥന:
ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
(അർത്ഥം: എന്റെ മാതാപിതാക്കളുടെ വംശത്തിൽ പിറന്നവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഭൃത്യരായവരും എന്നെ സേവിച്ചവരും സഹായിച്ചവരും എന്റെ ആശ്രിതരായിരുന്നവരും ആയ എല്ലാവർക്കും, എൻറെ എല്ലാ സുഹൃത്തുക്കളും പങ്കാളികളും ജീവിതത്തിനായി ഞാൻ ആശ്രയിച്ചിട്ടുള്ള സസ്യ ജന്തു ജാലങ്ങളും എനിക്ക് നേരിട്ടും അല്ലാതെയും തുണ നൽകിയവരും നിരവധി ജന്മങ്ങളിൽ എൻറെ പങ്കാളികളുമായിരുന്ന ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഈ പിണ്ഡവും ജലവും പുഷ്പവും പ്രാർഥനയും സമർപ്പിയ്ക്കുന്നു .
എൻറെ മാതൃകുലത്തിലും പിതൃ കുലത്തിലും ജീവിച്ചിരുന്നവർക്ക് വേണ്ടി, ഗുരുക്കൻമാരുടെയും ബന്ധുക്കളുടെയും മരുമക്കളുടെയും കുലത്തിലുള്ള പരേതർക്കു വേണ്ടിയും, മുൻ പിണ്ഡം ലഭിയ്ക്കാത്തവർക്കു വേണ്ടിയും അനാഥർക്കും, പല കാരണങ്ങളാൽ മറ്റുള്ളവർക്കായി നന്മ ചെയ്യാൻ കഴിയാതെ പോയ ഏവർക്കും, ദാരിദ്ര്യത്തിൽ ജനിമരണങ്ങൾ കഴിഞ്ഞു പോയ എല്ലാവർക്കും , മ്ലേച്ഛരും അകാല ചരമം പ്രാപിച്ചവരുമായ പരേതർക്കും ജനനത്തിനും മുൻപേ ഗർഭത്തിൽവച്ചു തെന്നെ മരിച്ചവർക്കും, മരിച്ചുപോയ- അറിയുന്നതും അറിയപ്പെടാത്തതും ആയ എന്റെ എല്ലാ ബന്ധുക്കൾക്കും , എല്ലാവർക്കും കൂടി വേണ്ടിയും ഞാൻ ഈ പ്രാർത്ഥനയും പിണ്ഡവും ജലവും എള്ളും സമർപ്പിയ്ക്കുന്നു.
ആഹ്ലാദപൂർവ്വം ഈ ലോക വാസം കഴിച്ച അനശ്വരരായ ഏവർക്കും വേണ്ടിയും ഞാൻ ഇതു സമർപ്പിക്കുന്നു . സപ്തഭൂഖണ്ഡങ്ങളിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ഏവർക്കും എല്ലാ ജന്തുക്കൾക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ ആത്മാക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി വസിക്കുവാൻ ഞാൻ ഈ പിണ്ഡവും ജലവും സമർപ്പിയ്ക്കുന്നു.)
(പ്രാർത്ഥനയിൽ ചിലപ്പോൾ അറിയാതെ അക്ഷര തെറ്റുകൾ വല്ലതും വന്നെങ്കിൽ ക്ഷമിക്കണം)
നാടൻ രീതിയിൽ സാധാരണക്കാർ ബലിയുടെ ആദ്യാവസാനം വരെ നാരായണ ജപത്തോടെയാണ് ബലിസമർപ്പണം നടത്താറ്... മഹാവിഷ്ണുവിന്റെ പാദത്തിനടിയിലാണ് പിതൃലോകമെന്ന് വിശ്വസിക്കുന്ന വലിയൊരു വിശ്വാസ സമൂഹം ഇവിടെ ഉണ്ട്... പിതൃ ലോകത്ത് നിന്നും പിതൃപതിയോടും പിതൃപത്നിയായ സ്വധാ മാതാവിനോടും കൂടി ഭൂമിയിൽ എത്തുന്ന പിതൃക്കൾക്ക് വേണ്ടിയാണ് ബലി സമർപ്പണം... നമ്മൾ പിതൃപതിയായ യമധർമ്മനെ സാക്ഷിയാക്കി ചെയ്യുന്ന പിതൃയജ്ഞത്തിലെ അന്നവും നീരും, പിതൃപത്നിയായ സ്വധാ മാതാവ് കൈയ്യേറ്റ് പിതൃക്കളെ സ്വന്തം കൈയ്യാൽ ഊട്ടുന്നു എന്നും വിശ്വസിക്കുന്നു... വീട്ടിൽ നിന്നും ബലിയിടുന്ന സ്ത്രീകൾ ഉദയസൂര്യനഭിമുഖമായി കിഴക്കോട്ട് നോക്കിയും, പുരുഷന്മാർ സൂര്യപുത്രനായ യമധർമ്മന് അഭിമുഖമായി തെക്കോട്ട് നോക്കിയുമാണ് ബലിസമർപ്പണം ചെയ്തു കാണാറ്... സമുദ്രതീരം, പുണ്യതീർത്ഥം എന്നിവിടങ്ങളിൽ ബലിതർപ്പണം ചെയ്യുമ്പോൾ ദിക്കുകളുടെ പ്രാധാന്യം ചിന്തിക്കാറേയില്ല... ആദ്യാവസാനം വരെ നാരായണ ജപത്തോടെയുള്ള ബലിസമർപ്പണം പിതൃക്കളുടെ ആത്മസായൂജ്യത്തിനും, പിതൃക്കളുടെ അനുഗ്രഹത്തിനും ഏറെ ഗുണകരമാണ്.... ഓം നമോ നാരായണായ...