27/07/2025
ദുരിയാന്‍ - പഴങ്ങളുടെ രാജാവ്
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാന്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴങ്ങളിലൊന്നാണ്. തെക്കുകിഴക്കേ ഏഷ്യന്‍ സ്വദേശിയായ ‘ദുരിയോ’ എന്ന ഈ ജനുസ്സിന്‍റെ ജന്മദേശം ബോര്‍ണിയോ ആണെന്ന് കരുതപ്പെടുന്നു. ദുരി എന്ന മലയ് വാക്കിന്‍റെ അര്‍ഥം മുള്ള് എന്നാണ്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ചരിത്രവും സംസ്കാരവുമായി ഈ അമൂല്യമായ ഫലത്തിന് അഭേദ്യമായ ബന്ധമുണ്ട്. തായ്ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ദുരിയാന്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ട്രോപ്പിക്കല്‍ പഴങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗമാണ് അനന്യസാധാരണമായ ഗന്ധം പുറപ്പെടുവിക്കുന്നത്. രൂക്ഷവും നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറുന്നതുമായ പ്രത്യേക ഗന്ധം തോടുപൊളിച്ചില്ലെങ്കിലും പുറത്തുവരും. ഈ രൂക്ഷഗന്ധം ആദ്യമൊക്കെ അസഹ്യമാകാമെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ആദ്യത്തെ മണമുളവാക്കുന്ന അസ്വസ്ഥത മാറി പൂര്‍ണമായി ദുരിയാന്‍റെ ആരാധകരായി മാറുന്നു എന്നതാണ് ഈ പഴത്തിന്‍റെ പ്രത്യേകത. ഒരുപക്ഷേ സ്വാദുകൊണ്ട് ഇത്രയേറെ ആരാധകരും ഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുള്ള മറ്റൊരു പഴം സസ്യകുടുംബത്തില്‍തന്നെ ഉണ്ടെന്നുതോന്നുന്നില്ല. എങ്കിലും അസാധാരണമായ ഈ (സു)ഗന്ധപ്രസരണത്തിനിടയിലും ഒരിക്കലെങ്കിലും ദുരിയാന്‍ കഴിച്ച ഒരാള്‍ക്കും അതിന്‍റെ സവിശേഷമായ സ്വാദ് ജീവിതത്തില്‍ മറക്കാനേ കഴിയില്ല.
വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ പോഷകസമൃദ്ധമാണ് ദുരിയാന്‍, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, തയാമിന്‍, റൈബോഫ്ലാവിന്‍, നിയാസിന്‍, പാന്റോതീനിക് ആസിഡ്, വിറ്റാമിന്‍ ബി-6, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയ ധാരാളം ആവശ്യഘടകങ്ങള്‍ എല്ലാംതന്നെ ഇതിലടങ്ങിയിരിക്കുന്നു. ഫൈറ്റോ-ഈസ്ട്രജന്‍ എന്ന പ്രത്യേകതരം ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നു. മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ മാംസ്യവും കൊഴുപ്പും വളരെ ഉയര്‍ന്ന തോതിലാണ്. എങ്കിലും 100 ശതമാനവും കൊളസ്ട്രോള്‍ വിമുക്തമാണ്. പഴത്തില്‍ ധാരാളം അന്നജമുള്ളതിനാല്‍ നന്നായി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. നാരുകളും ധാരാളമുണ്ട്. വന്‍കുടലിലെ അര്‍ബുദസാധ്യത പ്രതിരോധിക്കാന്‍ കഴിവുണ്ട്. ഇത് ശരീരത്തെ ശുചിയ