Vadakarapathy

Vadakarapathy വടകരപ്പതിക്കാരുടെ പ്രതികരണവേദി

ചരിത്രം

പശ്ചിമഘട്ടത്തിന്റെ ഓരത്തായി സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുറെ ‘പതികളും’ ‘പാറകളും’ ‘ചള്ള’കളുമായി അറിയപ്പെടുന്ന പ്രദേശമാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. ‘വടകരപ്പതി ‘ എന്ന പേരില്‍ ഈ പഞ്ചായത്തില്‍ ഒരു സ്ഥലമോ പ്രദേശമോ ഇല്ല.17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൊങ്ങന്‍ പടയെ പരാജയപ്പെടുത്തിയതിന് പാലക്കാട് രാജാവ് കൊച്ചിരാജാവിന് ചിറ്റൂരിന്റെ തമിഴ്നാട് അതിര്‍ത്തിയില്‍ ഭൂമി പാരിതോഷികമാ

യി നല്‍കി. ഈ പ്രദേശങ്ങളില്‍ കൊങ്ങന്‍ പടയെ ചെറുക്കാന്‍ വേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയത്. ഇതില്‍ വടക്കേക്കരയില്‍ പതിച്ചു നല്‍കിയത് വടകരപ്പതി എന്നറിയപ്പെടുന്നു. ‘പതി ‘ എന്നാല്‍ ‘ഊര്’ എന്ന അര്‍ത്ഥത്തില്‍ വടക്കേകരയിലുള്ള പതികള്‍ വടകരപ്പതികള്‍ എന്നും പറയപ്പെടുന്നു. വനപ്രദേശമായിരുന്ന ഇവിടത്തെ പൂര്‍വികര്‍ മലയന്മാരായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടിലെ ദിണ്ടിക്കല്‍, പുതുക്കോട്ട, തൃച്ചി എന്നിവിടങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇവിടത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ളീങ്ങളും. സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിലാണ് ഇവിടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ആര്‍.എം.മനക്കലാത്ത്, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ ഇവിടത്തെ ഉള്‍പ്രദേശങ്ങളില്‍ ഒളിവിലിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരഘട്ടത്തില്‍ അയിത്താചാരങ്ങള്‍ക്കെതിരെ പോരാടിയ സി.എസ്.മണി, ധനവൈദ്യര്‍, സന്ധ്യാ മണികാരര്‍, കുപ്പാണ്ടി മാസ്റ്റര്‍ എന്നിവര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെ, പ്രവേശനം നിഷേധിച്ചിരുന്ന ചായക്കടയില്‍ കയറ്റിയത് സാമൂഹ്യരംഗത്ത് വലിയ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. 1962-63-ല്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉണ്ടായ പണിമുടക്ക് ആദ്യത്തെ പോരാട്ടമായി അറിയപ്പെടുന്നു. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിക്കു വേണ്ടി വടകരപ്പതി പഞ്ചായത്തിലെ ചുണ്ണാമ്പുക്കല്‍ തോട് എന്ന സ്ഥലത്ത് 1978-ല്‍ നടന്ന വഴിതടയല്‍ സമരം സ്മരണീയമാണ്.പഞ്ചായത്തില്‍ തമിഴും മലയാളവും കലര്‍ന്ന ഒരു സമ്മിശ്ര സംസ്കാരമാണ് കണ്ടുവരുന്നത്. ഇവിടത്തെ ജനത രണ്ടു ഭാഷയും ഒരുപോലെ കൈകാര്യം ചെയ്യുന്നു. ആഘോഷങ്ങളിലും ഈ ഒരുമ എടുത്തുപറയേണ്ടതാണ്. ലൈബ്രറി, ക്ളബുകള്‍ എന്നിവ ഒരു കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. കബഡി, ഫുട്ബോള്‍ എന്നിവയുടെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കബഡിയില്‍ ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ പഞ്ചായത്താണിത്.



വടകരപ്പതി - 2010

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ ചിറ്റൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്താണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. 1950-ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിന് 49.51 ച.കി.മീ. വിസ്തൃതിയുണ്ട്. 28779 വരുന്ന ജനസംഖ്യയില്‍ 66.26% പേര്‍ സാക്ഷരത കൈവരിച്ചവരാണ്. 750 പൊതുകിണറുകളും 1640 പൊതുകുടിവെള്ളടാപ്പുകളും പഞ്ചായത്ത് നിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ 14 റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ രാത്രി യാത്ര സുഗമമാക്കാന്‍ ആയിരത്തിലധികം തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്ത് പാലക്കാട് ചുരത്തിന്റെ വടക്കുകിഴക്ക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന വരട്ടിയാര്‍ പുഴയും വടക്കേ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന വാളയാര്‍ പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. നെല്ല്, കരിമ്പ്, തെങ്ങ്, പച്ചക്കറികള്‍, മത്സ്യകൃഷി തുടങ്ങിയവയാണ് ഇന്ന് കൃഷി ചെയ്തുവരുന്ന വിളകള്‍. 18 പൊതുകുളങ്ങള്‍ ഈ പ്രദേശത്തെ കാര്‍ഷികപുരോഗതിക്ക് സഹായകരമാണ്.1956-ല്‍ നല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചിന്‍ കെമിക്കല്‍സ് ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വ്യവസായസ്ഥാപനം. ഇന്ന് വ്യാവസായികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വന്‍കിട സ്ഥാപനങ്ങള്‍ ഷുഗര്‍ ഫാക്ടറിയും, മില്‍ക്ക് ഡയറി ഫാക്ടറിയുമാണ്. പഞ്ചായത്തിലെ പെട്രോള്‍ ബങ്ക് സ്ഥിതി ചെയ്യുന്നത് മേനോന്‍പാറയിലാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുള്ള ഒരുപഞ്ചായത്താണ് വടകരപ്പതി.1913-ല്‍ ഒരു പ്രാഥമികവിദ്യാലയമായി തുടങ്ങിയ ഇന്നത്തെ കോഴിപ്പാറ ഹൈസ്കൂള്‍ ആരംഭിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 5 സ്കൂളുകളും സ്വകാര്യമേഖലയില്‍ 3 സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി വടകരപ്പതിയില്‍ സ്ഥിതി ചെയ്യുന്നു. സഹകരണമേഖലയില്‍ രണ്ടു സര്‍വ്വീസ് സഹകരണ ബങ്കുകള്‍ കോഴിപ്പാറ, മേനോന്‍പാറ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ദേശസാല്‍കൃതബാങ്കായ കാനറാബാങ്കിന്റെ ഒരുശാഖ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കമ്മ്യൂണിറ്റിഹാളും ഒരു സ്വകാര്യ കല്യാണമണ്ഡപവും ഈ പഞ്ചായത്തില്‍ നിലവിലുണ്ട്. വൈദ്യുതിബോര്‍ഡിന്റെ ഓഫീസ് വേലന്താവളത്തും വില്ലേജ് ഓഫീസുകള്‍ വടകരപ്പതി, ഒയിലപ്പതി എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്നു. കാര്‍ഷികരംഗത്തെ പുരോഗതിക്കായി കൃഷി ഭവന്‍ വടകരപ്പതിയില്‍ നിലകൊള്ളുന്നു. ആറ് തപാല്‍ ഓഫീസുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. ബി.എസ്.എന്‍.എല്‍-ന്റെ ടെലിഫോണ്‍ എക്സ്ചേഞ്ച് ചുണ്ണാമ്പുക്കല്‍തോട് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു.തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന ഈ പഞ്ചായത്തിലെ റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. സംസ്ഥാനപാത 27 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. വിദേശയാത്രകള്‍ക്കായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്നത് കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പൊള്ളാച്ചിയാണ്. തുറമുഖമെന്ന നിലയില്‍ കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. വേലന്താവളം ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിലെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനസ്ഥലം. പഞ്ചായത്തിനോടു ഏറ്റവും അടുത്തുള്ള ജലഗതാഗതകേന്ദ്രം കൊച്ചിയാണ്. മേനോന്‍പാറപാലം, പളനിയാറ് പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്.പഞ്ചായത്തിലെ പ്രധാനവ്യാപാരകേന്ദ്രങ്ങളാണ് തക്കാളി മാര്‍ക്കറ്റ്, കോഴി ഫാം എന്നിവ. എലിപ്പാറയില്‍ ഓരോ മാര്‍ക്കറ്റും ചന്തയും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിനു സ്വന്തമായി ഒരു ഷോപ്പിംഗ് കോംപ്ളക്സുമുണ്ട്.ഈ പഞ്ചായത്തില്‍ തമിഴും, മലയാളവും കലര്‍ന്ന ഒരു പ്രത്യേക സംസ്കാരമായതുകൊണ്ട് ഇവിടുത്തെ ജനത രണ്ടുഭാഷയും ഒരുപോലെ കൈകാര്യം ചെയ്യുന്നു. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ളാം എന്നിവയാണ് പ്രധാനമതവിഭാഗങ്ങള്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 50 ക്ഷേത്രങ്ങളും, 35 ക്രിസ്ത്യന്‍ പള്ളികളും, 4 മുസ്ളീം പള്ളികളും പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. ക്രിസ്ത്യന്‍ ആഘോഷപരിപാടിയായ തേരും തമിഴ്നാടിന്റെ ഉത്സവാചാരപ്രകാരം നടത്തുന്ന മാരിയമ്മന്‍ പൊങ്കലും ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ ജനങ്ങള്‍ തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉത്സവങ്ങള്‍ ഒരുപോലെതന്നയാണ് ആഘോഷിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഐ.എക്സ്.എം.ലൂയിസ് ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രതിഭയാണ്. ഗവ.ആശുപത്രി, സഹകരണബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്ഥലം ദാനമായി നല്‍കിയ സന്തലിംഗ കൌണ്ടര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാ-കായികരംഗങ്ങളുടെ ഉന്നമനത്തിനായി ഏഴോളം ക്ളബ്ബുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ആയുര്‍വേദ മേഖലയില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളും പി.എച്ച്.സിയുടെ ഒരു സബ് സെന്റര്‍ ഒയിലപ്പതിയിലും സ്ഥിതി ചെയ്യുന്നു.

Address

Kozhinjampara
678557

Alerts

Be the first to know and let us send you an email when Vadakarapathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadakarapathy:

Shortcuts

Share

Category